ആസ്ത്മ

രോഗലക്ഷണങ്ങള്‍

ആസ്ത്മയുടെ ലക്ഷണങ്ങള്‍ തിരിച്ചറിയാൻ വളരെ എളുപ്പമാണ്. ആസ്ത്മയുടെ സാധാരണ രോഗലക്ഷണങ്ങള്‍ ഇവയാണ്: ശ്വാസംമുട്ടല്‍ അല്ലെങ്കില്‍ ശ്വാസം കിട്ടാതിരിക്കല്‍: താങ്കള്‍ക്ക് ശ്വാസകോശത്തിന് അകത്തേക്ക് അല്ലെങ്കിൽ പുറത്തേക്ക് ആവശ്യത്തിന് വായു കിട്ടുന്നില്ലെന്ന് തോന്നുകയും, വിശേഷിച്ചും ശ്വാസം പുറത്തുവിടാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. അടിക്കടിയുള്ളതോ വിട്ടുമാറാത്തതോ ആയ ചുമ: താങ്കള്‍ക്ക് പല ദിവസങ്ങൾ കഴിഞ്ഞിട്ടും ചുമ വിട്ടുമാറുന്നില്ല, കൂടാതെ രാത്രി അല്ലെങ്കില്‍ വ്യായാമം ചെയ്തതിനു ശേഷം താങ്കള്‍ പലപ്പോഴും ചുമയ്ക്കുന്നു. വലിവ്: താങ്കൾ ശ്വാസം പുറത്തുവിടുന്ന ഓരോ തവണയും താങ്കൾ ഒരു ചൂളമടി ശബ്ദം കേള്‍ക്കുന്നു. നെഞ്ചില്‍ മുറുക്കം: ആരോ ഞെരിക്കുന്നതു പോലെ അല്ലെങ്കിൽ താങ്കളുടെ നെഞ്ചിൽ ഇരിക്കുന്നത് പോലെയുള്ള ഒരു മുറുക്കം താങ്കള്‍ക്ക് അനുഭവപ്പെടുന്നു. ആസ്ത്മയുള്ള എല്ലാ വ്യക്തികളും ഈ രോഗലക്ഷണങ്ങളെല്ലാം കാണിക്കണമെന്ന് നിര്‍ബന്ധമില്ല. ഉദാഹരണത്തിന്, ചില ആളുകള്‍ക്ക് അമിതമായ ചുമ കാരണം രാത്രിയിൽ ശരിക്ക് ഉറങ്ങാൻ സാധിക്കാത്തപ്പോള്‍ മറ്റു ചിലര്‍ക്ക് വ്യായാമം ചെയ്യുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. രോഗലക്ഷണങ്ങള്‍ താങ്കൾ ശരിയായി നോക്കിവയ്ക്കുകയാണെങ്കിൽ, താങ്കളുടെ ഡോക്ടര്‍ക്ക് താങ്കളുടെ അവസ്ഥ കൃത്യമായി രോഗനിര്‍ണയം ചെയ്യാൻ അത് സഹായകരമാകുന്നതാണ്.